Saturday 25 May 2013

ശ്രേഷ്ഠ മലയാളം, ദരിദ്ര മലയാളി


എന്നെങ്കിലും ഒരു ബ്ലോഗ് എഴുതുന്നുണ്ടെങ്കില്‍ അത് ഒരു ശ്രേഷ്ഠഭാഷയിലായിരിക്കും എന്നായിരുന്നു എന്‍റെ വാശി. എഴുത്തുകൊണ്ട് ഒരു ഭാഷയെ ശ്രേഷ്ഠമാക്കാനുള്ള കഴിവില്ല. പിന്നെയുള്ള വഴി ശ്രേഷ്ഠമായിക്കഴിഞ്ഞ ഒരു ഭാഷയില്‍ എഴുതുക എന്നതാണ്... ഏതായാലും രണ്ട് മലയാളികള്‍ മാത്രമുള്ള രാജ്യത്തിന്‍റെ ക്യാബിനറ്റ് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കിക്കൊണ്ട് എന്‍റെ വാശിയെ ആദരിച്ചു. പ്രതിഭാശാലികളായ എഴുത്തുകാരും ഭാഷാസ്നേഹികളായ നാട്ടുകാരുമൊക്കെയാണ് ഒരു ഭാഷയെ ശ്രേഷ്ഠഭാഷയാക്കുന്നത് എന്നായിരുന്നല്ലോ നമ്മുടെ ധാരണ. അത് തെറ്റാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? സര്‍ക്കാരാണ് സാര്‍ എല്ലാം തീരുമാനിക്കുന്നത്. അങ്ങനെ ബ്ലോഗ് തുടങ്ങാന്‍ നിമിത്തം കിട്ടി. മലയാളം ശ്രേഷ്ഠമായതിനു ശേഷം ആ ഭാഷയില്‍ തുടങ്ങുന്ന ആദ്യ ബ്ലോഗ് എന്ന ബഹുമതി മറ്റാര്‍ക്കും വേണ്ടെങ്കില്‍ എനിക്കിരിക്കട്ടെ
രാജ്യത്തിന്‍റെ ക്യാബിനറ്റ് ഇങ്ങനെ ഒരു തീരുമാനമെടുത്തെങ്കിലും മലയാളം എന്നൊരു ഭാഷയുള്ള കാര്യം വടക്കേ ഇന്ത്യയില്‍ എത്രപേര്‍ക്ക് അറിയാം എന്ന് അറിയില്ല. പരിഷ്കാരികളായ ‘ മലയാലി"കളില്‍ നിന്ന് കേട്ട് പഠിച്ചിട്ടാകണം അവരില്‍ പലര്‍ക്കും ഇത് ‘ മലയാലി" ഭാഷയാണ്. കേരളത്തിന്‍റെ ഭാഷയായ കാരണം ‘ കേരളി" എന്നും മലയാളത്തിന് ഒരു വിളിപ്പേരുണ്ട്. പഞ്ചാബിന് പഞ്ചാബി, ഗുജറാത്തിന് ഗുജറാത്തി എന്ന കണക്കില്‍. ഭാഷാസ്നേഹികളായ മലയാളികള്‍ ഇതൊന്നും തിരുത്താനും പോകാറില്ല. വേറെ പണിയില്ലേ?
എന്നുവച്ച് മലയാളികള്‍ സ്വന്തം ഭാഷയോട് സ്നേഹമില്ലാത്തവരല്ല. ഭാഷയെക്കാള്‍ സ്വന്തം ജീവനെ സ്നേഹിക്കുന്നതിന്‍റെ ഭാഗമായി നാടിനെക്കാള്‍ മറുനാടുകളെ അശ്രയിക്കേണ്ടി വരുന്നതുകൊണ്ട് അവന് പലഭാഷകളെയും സ്നേഹിക്കേണ്ടി വന്നു. ഈ സ്നേഹം കൊണ്ടാണ് പട്ടാളത്തില്‍ പോയി ഊരുചുറ്റി നാട്ടിലെത്തുന്പോള്‍ ഒരുമാസമേ "ചുട്ടി ‘ ഉള്ളൂ എന്നും "ബാസാറില്‍ ‘ പോയി "കുര്‍സി ‘ വാങ്ങണമെന്നുമൊക്കെ കടവരാന്തകളില്‍ ഇരുന്നു പറയുന്നത്. അത്രയും അറിയില്ലെങ്കില്‍ സംഭാഷണങ്ങള്‍ക്കിടയില്‍ "അച്ഛാ..അച്ഛാ .. ‘ എന്ന് ഇടക്കിടെ പറയും. സ്വന്തം അമ്മയുടെ മുന്നില്‍ വച്ചാണെങ്കില്‍ പോലും.. ഗള്‍ഫില്‍ പോയി വന്നാല്‍ പിന്നെ കൂട്ടുകാരന്‍ ഹബീബിയും മുതലാളി അര്‍ബാബുമാണ്. നാല് ഇംഗ്ലീഷ് പഠിച്ചാല്‍ പിന്നെ പറയണ്ട. Really terrible!!!
സ്വന്തം ഭാഷ പോലെ തന്നെ മറ്റു ഭാഷകളും ശ്രേഷ്ഠമാണെന്ന് അംഗീകരിക്കുന്ന വിശാലമനസ്സാണ് മലയാളിയുടേത്. തെക്കേ ഇന്ത്യക്കാര്‍ മൂന്ന് ഭാഷ പഠിക്കണമെന്നു പറഞ്ഞപ്പോള്‍ നമ്മള്‍ പിണങ്ങിയില്ല. ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴ്്ക്ക് മോഡല്‍ മുദ്രാവാക്യം ഉണ്ടാക്കിയില്ല. ഭാഷയല്ലേ പഠിച്ചേക്കാം എന്നങ്ങു വച്ചു. വിദ്യാഭ്യാസകാലത്തിന്‍റെ വലിയൊരു പങ്ക് സമയം ഭാഷകള്‍ പഠിച്ച് പാഴാക്കുന്നു എന്ന് തോന്നിയുമില്ല. വികസിച്ച രാജ്യങ്ങളിലുള്ളവര്‍ സ്വന്തം ഭാഷമാത്രം മനസ്സിലുറപ്പിച്ച് ബാക്കി സമയം മറ്റ് വിഷയങ്ങള്‍ പഠിച്ച് വിദഗ്ധരാകുന്നത് കണ്ട് പഠിക്കാനും നോക്കിയില്ല. മലയാളം കൂടാതെ രണ്ട് അന്യഭാഷകള്‍ സന്തോഷത്തോടെ പഠിക്കുന്നു. കൂടാതെ വിശ്വാസങ്ങളുടെ ഭാഗമായി അറബിയോ സംസ്കൃതമോ ലാറ്റിനോ ഒക്കെ പഠിക്കുന്നു. പോരാഞ്ഞിട്ട് ഫ്രഞ്ചും ജര്‍മനും സെക്കന്‍റ് ലാംഗ്വേജാക്കുന്നു. ആരു പറഞ്ഞു മലയാളിക്ക് ഭാഷാസ്നേഹമില്ലെന്ന്?
വൈകിയിട്ടായാലും മലയാളം ശ്രേഷ്ഠഭാഷയായത് നന്നായി. 100 കോടിക്കടുത്ത് കാശുകിട്ടുമത്രേ. സന്തോഷിക്കാതെ എന്തുചെയ്യും.I AM PROUD OF MY MALAYALAM എങ്കിലും ഒരു സങ്കടം ബാക്കിയാണ്. ശ്രേഷ്ഠമല്ലാത്ത ഒരു ഭാഷയിലായിരുന്നല്ലോ ഈശ്വരാ ഇത്രയും നാള്‍ വായിക്കുകയും എഴുതുകയും വാചകമടിക്കുകയും ചെയ്തിരുന്നത്.
വാല്‍ക്കഷണം: ശ്രേഷ്ഠഭാഷയാക്കുന്നതിന് തൊട്ടുമുന്പ് മലയാളം കഥാപാത്രമായ ഒരു വാര്‍ത്ത ദേശീയമാധ്യമങ്ങളില്‍ വന്നിരുന്നു. വാതുവയ്പുകാരെപ്പറ്റിയുള്ള ശ്രീശാന്തിന്‍റെ ഡയറിക്കുറിപ്പുകളില്‍ ചിലത് മലയാളത്തിലായിരുന്നു!

No comments:

Post a Comment