Saturday, 25 May 2013

തീ കെണികളാകുന്ന കെട്ടിട സമുച്ചയങ്ങള്‍


എവിടെയെങ്കിലും അത്യാഹിതമുണ്ടാകുമ്പോള്‍ ഉയരുന്ന പ്രതിഷേധാഗ്നി തണുപ്പിക്കാന്‍ ഒരു പുതിയ നിയമം പടച്ചിറക്കുക എന്നത് നമ്മുടെ ഗവണ്‍മെന്റുകളുടെ ഒരു പതിവു പൊടിക്കൈ ആണ്. ഡല്‍ഹിയില്‍ ബസ്സില്‍ ബലാല്‍സംഗം നടന്നപ്പോള്‍ സ്ത്രീകളുടെ രക്ഷയ്ക്കെന്നപേരില്‍ കുറേ അശാസ്ത്രീയ നിയമങ്ങള്‍ പടച്ചിറക്കിയതു നമ്മള്‍ കണ്ടതായിരുന്നുവല്ലോ. കെട്ടിട സമുച്ചയങ്ങള്‍ തീക്കെണികളാകുന്നതു തടയുവാനും ഇതുപോലെ ചില ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് നമ്മുടെ ഗവണ്‍മെന്റുകള്‍ . 2005 ലെ നാഷണല്‍ ബില്‍ഡിങ് കോഡ് ആണ്, ആ ചട്ടം . എല്ലാ സംസ്ഥാനഗവണ്‍ മെന്റുകളും ഈ ചട്ടം അതത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഭാഗമാക്കിയിട്ടുമുണ്ട്. അഴിമതിയെ താഴെതട്ടിലോളം എത്തിക്കുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കുന്നതില്‍ മല്‍ സരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങ്ളിലെ മേലാളന്‍മാര്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം കൂടി ഉണ്ടാക്കിയെന്നതില്‍ കവിഞ്ഞ് ഒരു പ്രയോചനവും ഈ ചട്ടങ്ങള്‍ കൊണ്ട് പൊതുജനത്തിനില്ല എന്നതാണു വസ്തുത. 2004 ജനുവരി 24 നു 50 ഓളം പേരുടെ ജീവനെടുക്കുകയും 40 ഓളെ പേരെ ഗുരുതരമായി പരിക്കേല്‍പിക്കുകയം ​ചെയ്തുകൊണ്ട് തമിഴ് നാട്ടിലെ ശ്രീരംഗത്ത് ഒരു കല്യാണമണ്ടപത്തില്‍ ഉണ്ടായതീപിടുത്തവും , അതേവര്‍ഷം ജൂലായ് 16നു കും ഭകോണത്ത് സ്കൂള്‍ കെട്ടിടത്തിനു തീപിടിച്ച് 90 കുട്ടികള്‍ വെന്തുമരിച്ച കൊടും ദുരന്തവും ഉയര്‍ത്തിയ ജനരോഷത്തെ തണുപ്പിക്കുന്നതിനു വേണ്ടിയായിരുന്നു കെട്ടിടസമുച്ചയങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനം എങ്ങനെ യായിരിക്കണമെന്ന ആലോചനയുണ്ടായതും , അതിനുവേണ്ടി ഇത്തരമൊരു ചട്ടം കൂട്ടിചേര്‍ത്ത് കെട്ടിടനിര്‍മാണ ചട്ടം ഭേദഗതിചെയ്യാന്‍ തീരുമാനിച്ചതും . പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാന്‍ ഒരു കാരണം കൂടിയായി എന്നതല്ലാതെ കെട്ടിടങ്ങളിലെ സുരക്ഷകൂട്ടാന്‍ നിയമത്തിനു ശക്തിപോരെന്നാണു ഇക്കാര്യത്തില്‍ തങ്ങളുടെ നിസ്സഹായാവസ്ഥ വിവരിച്ചുകൊണ്ട് കേരളത്തിലെ അഗ്നിശമന സേനയുടെ കമാന്റന്റ് ജനറല്‍ ജി 1-13946/11 നമ്പറായി 2013 മാര്‍ ച്ച് 23നു അയച്ച കത്ത് വ്യക്തമാക്കുന്നത്. നിയമമനുസരിച്ച് രണ്ടു നിലകളില്‍ കൂടുതല്‍ ഉയരമുള്ള വാണിജ്യ കെട്ടിട സമുച്ചയങ്ങളിലും , മൂന്നു നിലകളില്‍ കൂടുതലുള്ള ഗാര്‍ഹിക കെട്ടിടസമുച്ചയങ്ങളിലും അഗ്നിശമന ഉപകരണങ്ങളും , തീപിടുത്തമുണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള പ്രത്യേകം ഏണികളും നിര്‍ബ്ബന്ധമാണ്. തീപിടുത്തമുണ്ടായാല്‍ ചുട്ടുപഴുത്തു നില്‍ക്കുമെന്നതിനാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ കഴിയാത്ത ഇരുമ്പുകൊണ്ടുള്ള ഏണിപ്പടികള്‍ ഉണ്ടാക്കിയാണു പലകെട്ടിടങ്ങളിലും നിയമം മറികടന്നത്. അഗ്നിബാധയുണ്ടായാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു കെട്ടിടത്തിന്റെ എല്ലാഭാഗത്തും വെള്ളമെത്തിക്കാന്‍ വേണ്ട പൈപ്പുകളും ത്രീഫേസ് കണക് ഷനോടുകൂടിയ പമ്പുസെറ്റും വേണം . കണ്ണൂര്‍ നഗരത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തനക്ഷമമായ അഗ്നിശമന ഉപകരണമോ, പമ്പുസെറ്റോ, പമ്പുസെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ത്രീഫേസ്കണക് ഷനോ ഇല്ലാത്ത കെട്ടിട സമുച്ചയത്തെകുറിച്ച് നല്‍ കിയ പരാതിക്കുള്ള മറുപടിയിലാണ്, കേരളത്തിലെ അഗ്നിശമന സേനയുടെ തലവന്‍ തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചുകൊണ്ടും , നടപടിയെടുക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടതായി അറിയിച്ചുകൊണ്ടും ഇങ്ങനെയൊരു കത്തെഴുതിയത്.
"കെട്ടിടത്തിനു നമ്പര്‍ കൊടുക്കുന്നതിനു മുമ്പായി എന്‍ ഒ സി ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന കെട്ടിടങ്ങളില്‍ പര്യാപ്തമായ അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി ജനറേറ്ററുകള്‍ മുഖേന സജ്ജമാക്കിയാണു പരിശോധിച്ചുവരുന്നത്, ഈ വകുപ്പില്‍ നിന്നും എന്‍ ഒ സി കിട്ടിയശേഷമാണു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാസയോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കെ എസ് ഇ ബി വൈദ്യുതി കണക് ഷന്‍ നല്‍കുന്നതും , തന്മൂലം വൈദ്യുതി കണക് ഷന്‍ നല്‍ കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ ഈ വകുപ്പിനു സാധിക്കുകയില്ല." കത്തില്‍ തന്റെ വകുപ്പിന്റെ നിസ്സഹായത അദ്ദേഹം വിവരിക്കുന്നതിങ്ങനെയായിരുന്നു. മാത്രമല്ല വകുപ്പിനു കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. പിന്നെയെന്തിനാണു ഒരു എന്‍ ഒ സി നല്‍ കാന്‍ ഈ വകുപ്പിന്റെ സമയം ചെലവാക്കുന്നത് ? നിരവധിയാളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാന്‍ സാധ്യതയുള്ള നിയമലംഘനത്തിനു ശിക്ഷനല്‍ കാന്‍ വ്യവസ്ഥയില്ലെങ്കില്‍ ഇങ്ങനെയൊരു നിയമം എന്തിനാണ്? കെട്ടിട സമുച്ചയങ്ങളിലെ അഗ്നിസുരക്ഷ ഉറപ്പാക്കുന്നതിനു ഫയര്‍ഓഡിറ്റ് നടത്തേണ്ടത് സര്‍ക്കാറുകളുടെ ചുമതലയാണെന്ന് ആന്ധ്ര ഹൈക്കോടതി ഇതിനോടകം തന്നെ വിധി പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ട്. ഫ്ലാറ്റുകളും ഷോപ്പിങ് മാളുകളും വാണിജ്യകെട്ടിട സമുച്ചയങ്ങളും ഗ്രാമങ്ങളില്‍ പോലും ഉയരുമ്പോഴും നമ്മുടെ ഗവണ്‍മെന്റുകള്‍ ഇത്തരം നിയമലം ഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
കെട്ടിടനിയമ ലംഘനത്തിനു കണ്ണൂര്‍ നഗരസഭയിലെ വിദഗ്ദ്ധര്‍ വികസിപ്പിച്ചെടുത്ത പ്രത്യേക സംവിധാനമുപയോഗിച്ച് യാതൊരു അനുമതിയും കൂടാതെ എത്രനിലകളും ഉപയോഗിക്കാന്‍ കഴിയും . താഴത്തെ രണ്ടു നിലകളില്‍ നമ്പര്‍ നല്‍ കുന്നതിനു ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നതിനാല്‍ അവിടെയുള്ള മുറികള്‍ വിഭചിച്ചതായി രേഘയുണ്ടാക്കി ആ നമ്പറുകള്‍ നമ്പര്‍ലഭിക്കാത്ത മുറികള്‍ക്ക് ഉപയോഗിച്ച് വ്യാപാര ലൈസന്‍സ് നല്‍കുന്ന പുതിയ സാങ്കേതികവിദ്യക്കെതിരെ വിജിലന്‍സിനു പരാതി ലഭിച്ചിരുന്നുവെങ്കിലും കൈക്കൂലിയില്‍ വിഹിതം ലഭിക്കുന്നതിനാലാവാം അവരും അക്കാര്യം അന്വേഷിക്കാതെ പരാതി പ്രതികള്‍ ക്ക് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തത്. ഇക്കാര്യം നേരത്തേ ‘ വിജിലന്‍ സ് എന്ന പേരില്‍ ഒരു തപാല്‍ വകുപ്പ് ‘ എന്ന് പേരില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഏറ്റവും ഒടുവിലായി കോയമ്പത്തൂരില്‍ വാണിജ്യ കെട്ടിട സമുച്ചയത്തിനു തീപിടിച്ച് നാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഈ ദുരന്തം എവിടെയൂം സംഭവിക്കാം , കോഴിക്കോട് മിഠായിതെരുവിലും മറ്റും ഉണ്ടായതീപ്പിടുത്തം ബഹുനില വാണിജ്യ കെട്ടിട സമുച്ചയങ്ങളിലേതിലെങ്കിലുമായിരുന്നു സംഭവിച്ചതെങ്കില്‍ അത് എത്രമാത്രം ഭീകരമാകുമായിരുന്നു? എന്തിനു വേണ്ടിയാണു നമ്മള്‍ കാത്തിരിക്കുന്നത് ? ഇനിയുമൊരു വന്‍ദുരന്തം വേണോ കെട്ടിടസമുച്ചയങ്ങളിലെ അഗ്നിശമന സംവിധാനം കാര്യക്ഷമമാണെന്നുറപ്പുവരുത്താന്‍ ? നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതിനു ആരാണെതിരു നില്‍ക്കുന്നത്? എല്‍ സി ഡി ടിവി വാങ്ങി വീട്ടില്‍ കൊണ്ടുപോകാനല്ല, പൊതു താല്‍പര്യം ഉള്‍ക്കൊണ്ട് നിയമമുണ്ടാക്കാനാണു നമ്മള്‍ എം എല്‍ എ മാരെ തെരഞ്ഞെടുത്തയക്കുന്നത്. അവര്‍ ഇക്കാര്യം ശ്രദ്ധിച്ചേ മതിയാവൂ.

No comments:

Post a Comment